അവധി( Leave ) by Kerala Govt Servants
1, Earned Leave അഥവാ ആർജ്ജിത അവധി:
സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ഈ അവധി ലഭിക്കുന്നു. (വെക്കേഷൻ ഉള്ള ജീവനക്കാർക്ക് EL ഇല്ല. എന്നാൽ വെക്കേഷനിൽ ഡ്യൂട്ടി ചെയ്താൽ EL ന് അർഹതയുണ്ട്.)
രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാകുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EL 180 ആണ്. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളേ പാടുള്ളൂ. എന്നാൽ റിട്ടയർമെന്റിന് മുന്നോടിയായി എടുക്കുമ്പോൾ പരാമാവധി 300 ലീവ് വരെ ആകാം.
( Earned Leave, Half Pay Leave, Commuted Leave എന്നിവ തുടങ്ങുന്നതിനു തൊട്ടുമുൻപോ ലീവ് കഴിഞ്ഞതിനു ശേഷം ഉടനേയോ പൊതു അവധി ദിനങ്ങളോ ഞായറാഴ്ചകളോ വന്നാൽ അത് ലീവിൽ കൂട്ടാതെ അവധി ആയി എടുക്കാം. ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് ചെയ്യുക എന്നും ലീവിനുശേഷം വരുന്നതിനെ സഫിക്സ് ചെയ്യുക എന്നും പറയുന്നു )
അക്കൗണ്ടിൽ leave ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും Earned Leave എടുക്കാം. ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ സൗകര്യാർത്ഥം എടുക്കാം.
റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ Earned Leave ബാക്കിയുണ്ടെങ്കിൽ 300 ഏൺഡ് ലീവുകൾ സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned Leave പിതൃത്വാവധി ഉൾപ്പെടെയുള്ളവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. അതായത് ഈ അവധിയിൽ ഉള്ള കാലത്ത് Earned Leave ആർജ്ജിക്കാൻ കഴിയില്ല. പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും. അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. ഒരു സമയം Leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന EL 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ ലീവ് എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു EL ആർജ്ജിക്കാൻ കഴിയില്ല.
Earned Leave ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റ് ഏതൊരു Leave ഉം പിന്നീട് മുൻകാലപ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്തെ അർഹതപ്പെട്ട മറ്റൊരു അവധിയാക്കി മാറ്റാവുന്നതാണ്.
2, Half Pay Leave അഥവാ അർദ്ധവേതനാവധി:
സർവ്വീസിൽ പ്രവേശിച്ച് പൂർത്തീകരിച്ച ഓരോ വർഷത്തിനും 20 എന്ന കണക്കിൽ അക്കൗണ്ടിൽ HPL ക്രെഡിറ്റ് ചെയ്യുന്നു. ഉദാ:ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല, 20 മാത്രം.. പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ ..
പ്രസവാവധി, ഉൾപ്പെടെയുള്ള എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം ( LWA as per KSR aapendix 12 A, 12B, and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല. സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ HPL എടുക്കാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന Half Pay ലീവുകളുടെ എണ്ണം നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ഉള്ള ലീവ് തുടർച്ചയായി എടുക്കാം.
3, Commuted Leave:
രണ്ട് ഹാഫ് പേ ലീവുകൾ commute ചെയ്ത് ഒരു ഫുൾപേ ലീവ് ആക്കി എടുക്കുന്നതിനെയാണ് Commuted Leave എന്ന് പറയുന്നത്. ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്. കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ പ്രവേശിച്ച് 3 വർഷം പൂർത്തിയാക്കിയിരിക്കണം. ഈ ലീവും പ്രൊബേഷന് യോഗ്യ കാലമല്ല. ലഭിക്കുന്ന ബേസിക് പേയുടെ പകുതിയും മുഴുവൻ DA യും HPL എടുത്താൽ ലഭിക്കും എന്നത് ശ്രദ്ധിക്കുക. ( 2016 ലെ ശമ്പളപരിഷ്കരണത്തിനു മുൻപ് 18720 രൂപയിൽ താഴെ ബേസിക് പേ ഉണ്ടായിരുന്നവർക്കാണ് ഇങ്ങനെ മുഴുവൻ DA ലഭിച്ചിരുന്നത്. )
Earned ലീവും commuted ലീവും കൂടി ചേർത്തെടുക്കുമ്പോൾ ഒരേ സമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്സും പ്രിഫിക്സും ഉൾപ്പെടെ 240 ആണ്.
4. പ്രസവാവധി ML:
PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസം പൂർത്തിയാകുവാൻ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം സർവ്വീസിൽ പ്രവേശിച്ച അടുത്ത ദിവസം മുതൽ ML എടുക്കാം.
പ്രസവം നടന്നതിന് ശേഷം സർവ്വീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ LWA എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതനവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കും. ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല.
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ ആറ് ആഴ്ചത്തെ അതായത് 42 ദിവസത്തെ അവധി ലഭിക്കും.
ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ 45 ദിവസം അവധി ലഭിക്കും.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ casual leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ leave എടുക്കാം.
5. Paternity Leave അഥവാ പിത്യത്വാവധി: ഭാര്യ പ്രസവിക്കുമ്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ.
10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം . മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്.
6. Casual Leave: കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി. വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും 20 കാഷ്വൽ ലീവും നൽകാൻ മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട് leave അനുവദിക്കുന്ന അധികാരിയുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല. എന്നാൽ നൽകിയില്ല എന്ന് കരുതി ജീവനക്കാരന് പരാതിപ്പെടാനും ആവില്ല .
കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അത് രേഖാമൂലം ലീവിന് അപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ചില മേലധികാരികൾ CL എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന് ശഠിക്കാറുണ്ട്. അത് നിയമപരമല്ല. കാരണം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് Casual Leave അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ! എന്നാൽ അങ്ങനെ അത്യാവശ്യങ്ങൾക്കായി CL എടുക്കുമ്പോൾ മേലധികാരിയെ അറിയിച്ചിരിക്കണം.
സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം. ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല. ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്. ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം. സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല. ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം. എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും. എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.
കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം. എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ ആ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം ( 60 ദിവസമല്ല) കോംപൻസേറ്റ് ചെയ്തിരിക്കണം.
ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം. എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്. ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്.
കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും. പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ( സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന ) ശൂന്യവേതനാവധി. ഇങ്ങനെ LWA അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു.
മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുമ്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്. കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും.
മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ XRay, CT സ്കാൻ, Cath Lab പോലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റുകളിൽ ജോലിചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 30 ദിവസത്തെ പ്രത്യേക അവധി ലഭിക്കുന്നതാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കും ഇത് ലഭിക്കും.
കൂടാതെ 'ഡിഫറെന്റലി ഏബിൾഡ്' ആയ ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്റെ ഭാഗമായ ശാരീരിക അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 15 ദിവസത്തെ പ്രത്യേക അവധി അനുവദനീയമാണ്. മാത്രമല്ല ഇത് ലഭിക്കുന്നതിന് ഏതെങ്കിലും ഒരു അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. ചില മേലധികാരികൾ നിശ്ചിത വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വ്യവസ്ഥയില്ല.
ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് ഒരു ദിവസം വീതം ഒരു കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ) അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.
"Leave cannot be claimed as a matter of right" എന്നതാണ് ചട്ടം. ( KSR Rule 65 ).
#service matter
#ksr
#leave
#leave rules
Comments
Post a Comment
Thank you for commenting here.